E- Luna: ഇലക്ട്രിക് ലൂണ എത്തുന്നു; ഒറ്റചാർജിൽ 110 കിലോമീറ്റർ പിന്നിടും, വെറും 500 രൂപയ്ക്ക് ബുക്ക് ചെയ്യാം
Kinetic E-Luna: 75,000 രൂപയിൽ താഴെ ഒരു മികച്ച ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാം. ഒറ്റചാർജിൽ 110 കിലോമീറ്റർ പിന്നിടും. കൈനറ്റിക്കിന്റെ വമ്പൻ തിരിച്ചുവരവാകുമോ ഇ- ലൂണ. 500 രൂപയ്ക്ക് ബുക്ക് ചെയ്യാം.
Auto News: ഇരുചക്ര വാഹന വിപണിയുടെ ഗൃഹാതുരത്ത ഓർമ്മകൾ വീണ്ടും വളർത്തി ലൂണ തിരിച്ചെത്തുന്നു. ഇത്തവണ ഇലക്ട്രിക് കരുത്തിലാണ് മോഡൽ റോഡിലേയ്ക്കെത്തുന്നത്. കൈനറ്റിക് ഗ്രീൻ ആണ് ഇ- ലൂണയ്ക്കു പിന്നിൽ. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു വെറും 500 രൂപയ്ക്ക് ഇ- ലൂണ ബുക്ക് ചെയ്യാനുള്ള അവസരമാണ് ആവശ്യക്കാർക്കു മുന്നിലുള്ളത്.
2024 ഫെബ്രുവരി ആദ്യം E- Luna എന്ന മൾട്ടി യൂട്ടിലിറ്റി വാഹനം വീണ്ടും നിരത്തുകളിലെത്തും. തമിഴ്നാട് ഭാഗത്ത് ഏറെ ആരാധകരുള്ള മോഡലുകളിൽ ഒന്നായിരുന്നു ലൂണ. മെട്രോ, ടയർ 1 നഗരങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ ടയർ-2, ടയർ-3 നഗരങ്ങൾ, ഗ്രാമീണ വിപണികൾ ലക്ഷ്യമിട്ടാണ് വാഹനം വീണ്ടും എത്തിക്കുന്നതെന്നു കമ്പനി വ്യക്തമാക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ റോഡ് സാഹചര്യങ്ങളും, ഡ്രൈവിംഗ് ആവശ്യകതകളും ഉൾക്കൊണ്ടാണ് ഇ- ലൂണയുടെ നിർമ്മാണം. ദൃഢവും മോടിയുള്ളതുമായ മോഡലാകും ഇ- ലൂണ. ആധുനിക ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകളെ അഭിസംബോധന ചെയ്തുകൊണ്ടു തന്നെ, പരമ്പരാഗത പെട്രോൾ ഇരുചക്രവാഹനത്തിനുള്ള കാര്യക്ഷമമായ ബദലാകും ഇ- ലൂണയെന്ന് കൈനറ്റിക് ഗ്രീനിന്റെ സ്ഥാപകയും സിഇഒയുമായ സുലജ്ജ ഫിറോദിയ മോട്വാനി പറഞ്ഞു.