ആമസോൺ, ഫ്ലിപ്കാർട്ട് കുത്തക അവസാനിപ്പിക്കാൻ സൊമാറ്റോ? ഇ-കൊമേഴ്സിലേക്ക് ചുവടുവെയ്പ്
പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ ഇ-കൊമേഴ്സ് രംഗത്തേക്ക് ചുവടു വെക്കുന്നു. ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് വഴിയാണിത്. വൻകിട കമ്പനികളോട് നേരിട്ടു മത്സരിക്കാനാണ് ഒരുങ്ങുന്നത്.
രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ (Zomato). ദീപീന്ദർ ഗോയൽ (Deepinder Goyal) സ്ഥാപിച്ച ഈ കമ്പനി ബിസിനസ് വികസനത്തിനുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്. ഡയറക്ട്-ടു-കൺസ്യൂമർ (D2C) വിപണിയിലേക്ക് വളരാനാണ് കമ്പനിയുടെ ശ്രമം. വിവിധ ബ്രാൻഡുകളുടെ വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സൊമാറ്റോയുടെ 10 മിനിറ്റ് ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് (Blinkit) വഴി കൂടുതൽ ബ്രാൻഡുകളെ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇ-കൊമേഴ്സ് മേഖലയിലെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഭീമമൻമാരുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ തന്നെയാണ് ഇന്ത്യൻ കമ്പനിയുടെ ഉദ്ദേശം.
D2C മേഖലയിലെ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനായി, സൊമാറ്റോ പുതിയ വിതരണ ശൃംഘലകൾ ആരംഭിച്ചു കൊണ്ടിരിക്കുന്നു. ഈ നീക്കത്തിലൂടെ ബ്രാൻഡഡ് ഉല്പന്നങ്ങൾ നേരിട്ട് സോഴ്സ് ചെയ്യാനും, ഇൻവെന്ററികൾ മാനേജ് ചെയ്യാനും കമ്പനിക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതേ സമയ ഇൻവെന്ററി ഉടമസ്ഥത നേടി അടിസ്ഥാന ബിസിനസ് ആശയത്തിൽ നിന്ന് വ്യതിചലിക്കാനും കമ്പനി ഉദ്ദേശിക്കുന്നില്ല. D2C ബ്രാൻഡുകളിലെ ഉല്പന്നങ്ങളുടെ ഫ്ലോ ഉറപ്പു വരുത്തുക, അതിൽ മേൽനോട്ടം വഹിക്കുക എന്നതായിരിക്കും കമ്പനി ചെയ്യുക.